Friday, 29 May 2009

ചൂണ്ടലറിയാത്ത മീനുകള്‍

പായലുകള്‍ക്കിടയില്‍
ആകാശത്തിന്റെ നീല പാകിയ
ഇടത്തില്‍ നിന്നും
ഒരു ഇര
ഞാന്നു
താന്നു
വന്നു .

ആദ്യത്തെ കൗതുകം
വായിലൂറിയ വെള്ളത്തില്‍
പതുക്കെപ്പതുക്കെ
കലങ്ങിപ്പോയി .

ഇരയെ വെട്ടി വിഴുങ്ങാനായി
തിക്കും വഴക്കുമായി .

പൊടുന്നനെ
ഇര മാഞ്ഞു പോയി ,
ഞങ്ങളില്‍ ഒരാളും .

ഞങ്ങള്‍
പായലുകല്‍ക്കിടയിലെ
ആകാശത്തെ നോക്കി നിന്നു ,
അനങ്ങാതെ .

വൈകാതെ വീണ്ടും
ഒരിര
താന്നു
വന്നു .
അല്പം മുന്‍പ് മാഞ്ഞു പോയ-
വനെ കുറിച്ചുള്ള
ഓര്‍മ്മ കൂടി
വെള്ളത്തില്‍ കലങ്ങി .

ഉന്നം

നിന്റെ അമ്പിനു

വന്നു തറക്കാന്‍ പാകത്തില്‍

ഞാന്‍ എന്റെ ഉടലിനെ

ഉന്നം പിടിക്കുന്നു .

നീ എവിടെക്കെമ്കിലും

എങ്ങനെയെങ്കിലും

എയ്യുകയേ വേണ്ടൂ .

ഞാന്‍ പാഞ്ഞു വന്നു

അവിടെ നിന്നു കൊള്ളാം .

മുറിവേറ്റു കൊള്ളാം .

പിടഞ്ഞു വീണു കൊള്ളാം .

നീ എയ്യുക മാത്രമേ ...

Thursday, 28 May 2009

അവസാനത്തെ ബെല്ലിനു മുന്‍പ്

ആര്‍ദ്രമാം വാക്കാല്‍
തിരശീല ഞാന്‍ മാറ്റിത്തരാം .
തീഷ്ണമാം നോട്ടം കൊണ്ടു
വേദിയില്‍ വെട്ടം തരാം .

നാടകം 'കലക്കി' യാല്‍
ഇപ്പോഴേ പറഞ്ഞേക്കാം

കണ്ണടച്ചരങ്ങിനെ ഇരുട്ടില്‍
കെട്ടിത്താഴ്ത്തും.
പച്ച തെറിയാല്‍ തിരശീല
കത്തിച്ചു മടങ്ങും ഞാന്‍ .

പച്ചക്കുതിര

മിക്കവാറും രാത്രികളില്‍
നീ വീട്ടില്‍ വരും .
പുസ്തകത്തിന് പുറത്തോ
കസേരയുടെ ചാരിലോ
ഊരിയിട്ട ഉടുപ്പിലോ ഇരിക്കും.

പച്ചക്കുതിര വന്നാല്‍
പണം വരുമെന്ന്
പറച്ചില്‍ ഉള്ളതുകൊണ്ട്
ഞാന്‍ നിന്നെ ഓടിച്ചു കളയാറില്ല .

പണ്ടു ഞാന്‍ നിന്റെ ആള്‍ക്കാരെ
തുഞ്ചാണി കൊണ്ട് തല്ലിക്കൊന്നു
വളര്‍ത്തു മൈനകല്‍ക്കിട്ട് കൊടുക്കുമായിരുന്നു.

ഇന്നു
മൈനയെ വളര്ത്തുന്നില്ല
ഈ മുറിയില്‍ ഞാന്‍
വളര്‍ത്തുന്നത് എന്നെ തന്നെയാണ് .
തല്ലിക്കൊന്നു നിന്റെ മുന്നില്‍
ഇട്ടു തരുന്നതും എന്നെയാണ് .

എന്റെ ഉടലില്‍
ചാ....ടി വന്നിരുന്നു നീ
ഇപ്പോള്‍ ആലോചിക്കുന്നത്‌
നമ്മളെക്കാള്‍ ചെറിയ
ജീവികളെ കുരിച്ച്ചായിരിക്കാം .

Saturday, 9 May 2009

ഒറ്റക്കാകും നേരങ്ങളില്‍

ചിലത് വിശദീകരിക്കാന്‍ പറ്റില്ല
കരിയിലകല്‍ക്കിടയിലെ പാമ്പിനെ പോലെ
അത് തെളിഞ്ഞും ഒളിഞ്ഞും
ഇഴഞ്ഞു കൊണ്ടേയിരിക്കും

പൊഴിച്ചിട്ട പടം പോലെ
ഏതോ ഒരിഴഞ്ഞുപോകലിന്റെ
ഓര്‍മ്മയായി അതങ്ങനെ കിടക്കും

നമ്മള്‍ മറന്നാലും
പറമ്പില്‍ ഓടി നടന്നു കളിക്കുന്ന കുട്ടികള്‍
കൌതുകത്തിന്റെ വടിയില്‍ തോണ്ടി
പാമ്പിന്‍ പടവുമായി എത്തുന്ന പോലെ
ഓര്‍മ്മിക്കാനും വിശദീകരിക്കാനും
ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളിലേക്ക്
നമ്മള്‍ വീഴ്തപ്പെടും

പടമിനിയൊരു പാമ്പാവില്ല
എന്നപോലെ
ഓര്‍മ്മകള്‍ അനുഭവമായിരുന്ന നിമിഷങ്ങളിലേക്ക്
തിരിചിഴയില്ലെന്നു അറിയാമെങ്കിലും
വിശദീകരിക്കാനാവാത്ത ആ കാര്യങ്ങളില്‍
കല്ലിലെന്നപോലെ തലയിടിച്ചും
വെറുപ്പിന്റെ ചോരവാര്‍ത്തും
കഴിഞ്ഞുപോയ ഏതോ കാലത്തില്‍
എല്ലാവരും ജീവിക്കുന്നു
ഒറ്റയ്ക്കാകും നേരങ്ങളില്‍ .