Monday 6 July 2020

പോക്ക്


പോകും വഴി ചിലതൊക്കെ
കളഞ്ഞു പോകുന്നത് 
അറിയാത്തപോലാണ് പോക്ക്.

ചരുവത്തിലോടുന്ന ബോട്ട് .
ചരിഞ്ഞ നോട്ടങ്ങളേറ്റു മങ്ങിയ കണ്ണട ..
തട പിടിക്കാതെ, ചുറ്റിനും കൈത്തുന്നലിട്ടപ്പോൾ 
തൂവാലയായി ഞ്ഞ  സാരിക്കഷണം.

പെട്ടെന്ന് കാലൊന്നു കല്ലിൽ തട്ടി.
ചോര പൊടിച്ചു. 
കളഞ്ഞതെല്ലാം ആധിയോടെ 
ഓ..ടി വന്നു ചുറ്റും നിന്നു.


Monday 22 June 2009

പഞ്ഞിമരം

കുട്ടിക്കാലം തൊട്ടേ
ആകാശമാണ്‌ അവളെ
ഏറ്റവും കൊതിപ്പിച്ചത് .
പ്രത്യേകിച്ചും ,തന്റെ ചില്ലകളില്‍
വന്നിരിക്കുന്ന കിളികളേക്കാള്‍
സ്വതന്ത്രരായി ഒഴുകുന്ന മേഘങ്ങള്‍

മേഘങ്ങളെ തൊടാനായി
ആഞ്ഞാഞ്ഞ് അവള്‍
പൊക്കത്തില്‍ വളര്‍ന്നു.
അതിനും മേലേ
അവളെ കൊതിപ്പിച്ച്
മേഘങ്ങള്‍ പറന്നു
കൊണ്ടിരുന്നു .

കായ്കളുണങ്ങി നിറഞ്ഞ
ഒരു കൊടുംവേനലിന്റെ
നട്ടുച്ചയില്‍
അവളുടെ ക്ഷമ കെട്ടു.

ഒറ്റയും പെട്ടയുമായി
അവള്‍ തന്റെ കായകളെ
പൊട്ടിതെറിപ്പിച്ചു .

കുഞ്ഞു മേഘങ്ങള്‍
അവളുടെ കൈകളില്‍ നിന്നും
കക്ഷങ്ങള്‍ക്കിടയിലൂടെയും
നെറ്റിയിലുമ്മ വച്ചും
അരക്കെട്ടിനെ തഴുകിയും
ഒഴുകി നടന്നു .

''എന്റെ ആകാശമേ
എന്റെ മേഘങ്ങളെ ''
അവള്‍ വിളിച്ചു .
ആ വിളിയൊരു കാറ്റായി
കായകളെ ഞെക്കി പൊട്ടിച്ചും
മേഘങ്ങളെ
കൂടു തുറന്നു വിട്ടു കൊണ്ടു
മിരുന്നു...

Tuesday 16 June 2009

വിരുന്നിനു ശേഷം

ഒടുക്കം മീന്‍മുള്ളുകളും
കടിച്ചുവലിച്ച കോഴിക്കാലുകളും
മാത്രം .

ഒഴിഞ്ഞ ഗ്ലാസ്സുകളും
പിരിഞ്ഞു പോയവരുടെ മണവും
കിടപ്പുമുറിയില്‍ നിന്നുള്ള
കൂര്‍ക്കം വലിയും .

ഒഴിഞ്ഞ കുപ്പിയിലെ
അവസാനത്തെ തുള്ളി
അവളെ നോക്കി
പുഞ്ചിരിച്ചു , അവളും.

ആര്‍ക്കും ലഹരിയാകാന്‍
കഴിയാതെ പോയ
രണ്ടു പുഞ്ചിരികള്‍
ഉമ്മ വച്ചു .

Thursday 11 June 2009

പകരം

പൊടുന്നനേ
കറണ്ടു പോയപ്പോള്‍
നമ്മള്‍ ശബ്ദങ്ങള്‍
മാത്രമായ്
പിന്നെപ്പിന്നെ
ശബ്ദവും നമ്മില്‍
നിന്നു വേറിട്ടു നില്‍ക്കയായ്‌ .

വെട്ടത്തില്‍
കണ്ടോരോര്‍മ്മയില്‍
രൂപമുണ്ടെന്നു വച്ചു നാം
ഉറങ്ങാത്ത കൊണ്ടിപ്പൊഴും
ഉണര്‍വെന്നു
നിനച്ചു നാം .

തൊട്ടറിവത്‌ കാരണം
ഭിത്തിയുണ്ടെന്നു വച്ചു നാം
ഭിത്തിയുണ്ടെന്ന കാരണം
മുറിയെന്നും നിനച്ചു നാം .

പോകുന്നോ
രണ്ടു രൂപങ്ങള്‍
നമ്മളില്‍ നിന്നു വേറിട്ട്‌
ചാറുന്നോ
രണ്ടു ശബ്ദങ്ങള്‍
നമ്മളില്‍ നിന്നു വേറിട്ട്‌ .

പൊടുന്നനേ
കറണ്ടു വന്നപ്പോള്‍
മറ്റു രണ്ടു പേരിരിക്കുന്നു
നാമിരുന്ന കസേരയില്‍ .

ഇരുട്ടല്ലാത്ത കാരണം
വെട്ടമെന്നു നിനച്ച് ...






Tuesday 9 June 2009

വാടകമുറിയിലെ സൂര്യന്‍

സ്റ്റൌവിനു
കാറ്റടിക്കുന്ന ഒച്ച .
മണ്ണെണ്ണയുടെ മണം .
വാഷ്‌ ബേസിനില്‍
പാത്രങ്ങളുടെ ഇളക്കം .

കുത്തി മറിയുന്ന ചുമ .
പിന്നാലേ
സിഗരറ്റിന്റെ മണം .

സ്റ്റൗ തെളിഞ്ഞു
കത്തുന്നതിന്റെ ഇ ..ശ് ശ് ....

'എടാ കട്ടന്‍ കുടി ' ചങ്ങാതി
പുതപ്പു വലിച്ചുമാറ്റി
എന്നെ ഉദിപ്പിക്കുന്നു -
''ഹാ ...എനിക്കെന്തൊരു വെട്ടം !

Tuesday 2 June 2009

സൈക്കിള്‍

അന്ന്
വൈകുന്നേരങ്ങളില്‍ കവലയിലേക്ക്
സൈക്കിളില്‍ പോയവന്‍
ഇപ്പോഴും സൈക്കിളില്‍
പൊയ്ക്കൊണ്ടിരിക്കുന്നു .

വഴിയേ കൊച്ചച്ചന്‍ വന്നാല്‍
തിരിവുകളിലേക്ക് വെട്ടിമാറി
ഓടിച്ചു പോയവന്‍
ഇപ്പോഴും
വെട്ടിമാറി പൊയ്ക്കൊണ്ടിരിക്കുന്നു .

അവളെ കാണുമ്പോള്‍
തെരുതെരെയടിച്ച മണി
ഇപ്പോഴും തെരുതെരെ
അടിച്ചോണ്ടിരിക്കുന്നു .

ഇടവഴിയില്‍
വരവുപോക്കില്ലാതെ പൊട്ടിവീണ
ഒരു നിമിഷത്തില്‍
സൈക്കിളില്‍ ഇരുന്നു
അവള്ക്ക് നല്കിയ ചുംബനം
ഇപ്പോഴും ഇടവഴികളെ
കോരിത്തരിപ്പിക്കുന്നു .

പ്രീ ഡിഗ്രീ ക്കാലത്തെ
പ്രണയ ദേവദേ
നിന്നെ സ്നേഹിച്ചു കൊണ്ടിരുന്ന
പോലെ അവന്‍
പിരിഞ്ഞു കൊണ്ടുമിരിക്കുന്നു ,
ഓരോ നിമിഷവും.

മഞ്ഞു മയിലാട്ടം

തളിരുകളില്‍ നിന്നില
യിലെക്കാ യിരുന്നു
ആ മഞ്ഞുതുള്ളി
വെളിച്ചത്തിന്‍
മയില്‍പ്പീലി വിരിച്ചു
പതുക്കെ ഊര്‍ന്നിരന്ങിയത് .

ഇലയില്‍ നിന്നും
ഇലയിലേക്കൂര്‍ന്നു
മണ്ണിലെക്കാ
മയിലു പറന്നു പോയ്.